07 August, 2023 02:26:37 PM


തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നു - തോമസ് കെ തോമസ് എംഎൽഎ



തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡിജിപിക്ക് പരാതി നൽകി. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്.

തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം. എന്നാൽ വധശ്രമമെന്നത് തെറ്റായ ആരോപണം മാത്രമെന്നാണ് എൻസിപിയിലെ തോമസ് കെ തോമസിന്റെ എതിർപക്ഷം പ്രതികരിക്കുന്നത്.

സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്കെതിരെ നേരത്തെ പരസ്യമായി രംഗത്തെത്തിയ എംഎൽഎയാണ് തോമസ് കെ തോമസ്. ഇതോടെയാണ് എൻസിപിയിൽ ചേരിത്തിരിവും പരസ്പരപോരും ആരംഭിച്ചത്.  മന്ത്രി ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചും നേരത്തെ തോമസ് കെ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു.

പൊലീസ് അന്വേഷിക്കട്ടെ - മന്ത്രി എ കെ ശശീന്ദ്രൻ

എൻ സി പി നേതാവും കുട്ടനാട് എം എല്‍ എയുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതി പൊലീസ് അന്വേഷിക്കട്ടേയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. 'എം എല്‍ എ സ്ഥാനത്തിന് വേണ്ടി തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാര്‍ എൻ സി പിയിലില്ല. തോമസ് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂര്‍വം പാര്‍ട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസിന് പാര്‍ട്ടി നടപടിയെ കുറിച്ച്‌ ധാരണയില്ല. പക്വതയുമില്ല' - ശശീന്ദ്രൻ ആരോപിച്ചു.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്ന് തോമസ് കെ തോമസ് ഡി ജി പിയ്ക്ക് പരാതി നല്‍കിയിരുന്നു. തന്റെ മുൻ ഡ്രെെവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തില്‍പെടുത്താൻ ശ്രമിച്ചതെന്നും പാര്‍ട്ടിയിലെ ചേരിപ്പോരാണ് ഇതിന് കാരണമെന്നും എം എല്‍ എ ആരോപിച്ചു. എൻ സി പി ദേശീയ നിര്‍വാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസിന്റെ പരാതിയിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K