10 August, 2023 03:28:40 PM


'ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല, പൊലീസിന് അതിനുള്ള അധികാരമില്ല'- മുഖ്യമന്ത്രി



തിരുവനന്തപുരം: ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും പൊലീസിന് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. കുറ്റവാളികള്‍ക്ക് കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയെ കുറിച്ചുള്ള പരാതിയും അന്വേഷിക്കും. സംഭവത്തില്‍ താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 8 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും.

ആഗസ്റ്റ് ഒന്നിന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ക്രൈം നം. 855/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെട്ട സംഭവത്തില്‍ ക്രൈം നം. 856/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തില്‍ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നതാണ്. രാജ്യത്ത് പലയിടത്തുനിന്നും കേള്‍ക്കുന്ന വര്‍ത്തകള്‍ നമുക്ക് സ്വസ്ഥത തരുന്നതല്ല. എന്‍കൗണ്ടര്‍ കൊലപാതകങ്ങളാണ് നടക്കുന്നത് . വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളും അതിന്‍റെ ഭാഗമാണ് . പേരെടുത്തുപറഞ്ഞാല്‍ അത് പ്രതിപക്ഷത്തിനും ബുദ്ധിമുട്ടുണ്ടാകും. 84 പേരെ വരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയവരുണ്ട്.

എന്നാലിവിടെ എങ്ങനെയെങ്കിലുമൊന്ന് വെടിവെയ്ക്ക് എന്ന് പറഞ്ഞിട്ട് പൊലീസിനെ അങ്ങോട്ട് ആക്രമിച്ചിട്ടുപോലും പൊലീസ് സേന തിരിച്ച് സംയമനത്തോടെ നേരിട്ടിട്ടുണ്ട്. അതേസമയം ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍, ലോക്കപ്പ് മരണം, കസ്റ്റഡി മരണം പോലുള്ളവ ഉണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ല. 

മനുഷ്യ ജീവന്‍റെ പ്രശ്‌നമാണത്. പൊലീസിന് ആളെ കൊല്ലാനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നേടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K