12 August, 2023 04:55:29 PM


നെഹ്റു ട്രോഫി വള്ളംകളി; ആദ്യ ഹീറ്റ്സിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ



ആലപ്പുഴ: ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി പുന്നമടക്കായലിൽ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ യോഗ്യത നേടി.രണ്ടാമത്തെ ഹീറ്റ്‌സിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗവും തൊട്ട് പിന്നാലെ മൂന്നാമത് കാട്ടിൽ തെക്കേതിലും യോഗ്യത നേടി.

പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയും.

പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്.പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്‍റെ ഓരങ്ങളിൽ കാത്ത് നിൽക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്. 2017 ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K