14 August, 2023 12:03:48 PM


മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല; ചട്ടങ്ങളിൽ ഭേദഗതി



തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പ്രതികൾ പരോളിലിറങ്ങി അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനയ്ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇക്കാര്യം കണക്കിലെടുത്താണ് അത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് അവസാനിക്കുംവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ തീരുമാനമായത്.

നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും നൽകി തുടങ്ങിയത്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. എൻഡിപിഎസ് ആക്‌ട് പ്രകാരം ഇക്കൊല്ലം ജൂൺവരെ സംസ്ഥാനത്ത് 13,197 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K