23 August, 2023 12:18:01 PM


മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു



തൃശ്ശൂര്‍: വടക്കാഞ്ചേരി തെക്കുംകരയിലെ മൊയ്‌തീന്‍റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച  പരിശോധന 22 മണിക്കൂറിന് ശേഷം ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അവസാനിച്ചത്. വീട്ടില്‍ നിന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. ഇതിനു പിന്നാലെയാണ് 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചത്.

മൊയ്തീനൊപ്പം ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ അകൗണ്ടുകളും മരവിപ്പിച്ചായാണ് വിവരം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മൊയ്‌തീന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് മൊയ്തീന്‍റേയും,  ബിനാമികളെന്ന് സംശയിക്കുന്ന നാല് പേരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയത്. 

സ്വത്തുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ വീട്ടിൽ നിന്നും ഇ.ഡിക്ക് ലഭിച്ചതായാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനായി മൊയ്‌തീൻ നോട്ടീസ് നൽകി വിളിച്ചു വരുത്തുമെന്നാണ് ഇ.ഡി നൽകുന്ന വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്‍മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഇന്നലെ രാവിലെ ഏഴരയോടെയാണ് എ.സി മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ എ.സി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു. മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.  

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെയുള്‍പ്പടെയുളള  മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാർട്ടി ജില്ലാ നേതൃത്വത്തിന് സുരേഷ് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ എസി മൊയ്തീൻ ബിജു, ജിൽസ്, ബിജുവിന്റെ സഹോദരി ഭർത്താവ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. 

അതേസമയം ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് റെയ്ഡിന് ശേഷം  മൊയ്തീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെ ആണ് ചിലർ കള്ള പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മൊയ്തീന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ മൊയ്തീന്‍റെ കുന്നംകുളത്തെ ഓഫീസിലേയ്ക്കും വീട്ടിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K