25 August, 2023 02:32:16 PM


ഷാജൻ സ്കറിയ നാളെ ഹാജരാകണം; ഇല്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി



കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ  ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമർശിച്ചത്. 

മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. 

അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K