02 September, 2023 03:11:44 PM


പിണറായി സർക്കാർ കേരളത്തെ എല്ലാ മേഖലയിലും തകർത്തു- ശോഭാ സുരേന്ദ്രൻ



കോട്ടയം : പിണറായി സർക്കാർ വ്യവസായം,കൃഷി,ആരോഗ്യം തുടങ്ങി കേരളത്തിൻ്റെ എല്ലാ മേഖലകളെയും തകർത്തുവെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ. മദ്യ വ്യവസായം മാത്രമാണ് കേരളത്തിൽ ലാഭത്തിലുള്ളതെന്നും കോട്ടയം മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. 

സപ്ലൈകോയെ ഓണത്തിന് സർക്കാർ സഹായിച്ചിരുന്നെങ്കിൽ പാവപ്പെട്ടവരുടെ കുടിലിൽ അടുപ്പെരിയുമായിരുന്നു. ഓണം വറുതിയിലാക്കിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. പൊതുവിതരണ കേന്ദ്രങ്ങളെ സർക്കാർ തകർത്തു. സ്വകാര്യമരുന്ന് കമ്പനികളെ സംസ്ഥാന സർക്കാർ സഹായിക്കുന്നത് കൊണ്ടാണ് 1,100 കോടി രൂപ മലയാളികൾക്ക് ഓരോ വർഷവും നഷ്ടപ്പെടുന്നത്. 

അന്യസംസ്ഥാനങ്ങളിലെ മരുന്ന് ലോബികളെ പിണറായി വിജയൻ സർക്കാർ സഹായിക്കുകയാണ്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മരുന്നിൻ്റെ പേരിൽ കമ്മീഷൻ അടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ശോഭ പറഞ്ഞു. 

കശുവണ്ടി വ്യവസായം പോലെയുള്ള പരമ്പരാഗത വ്യവസായങ്ങളൊക്കെ കേരളത്തിൻ തകർന്നു കഴിഞ്ഞു. കേരളത്തെ തകർത്തതിൽ ഒന്നാം പ്രതി കോൺഗ്രസാണോ സിപിഎമ്മാണോയെന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ. യുവാക്കൾക്ക് കേരളം വിട്ട് പോവേണ്ടി വന്നതിലും നാടിൻ്റെ വികസനമുരടിപ്പിലും ഇരുകൂട്ടർക്കും തുല്ല്യപങ്കാണുള്ളത്. 

പിണറായി വിജയൻ മക്കൾക്ക് വേണ്ടി അഴിമതി നടത്തുകയാണ്. വീണാ വിജയനെ ന്യായീകരിക്കുന്ന പണിയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്ളത്. സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ ആർക്കും സാധിക്കാത്ത സാഹചര്യമാണുള്ളത്. നെൽകർഷകർക്ക് വേണ്ടി ശബ്ദിച്ചതിന് നടൻ ജയസൂര്യയെ മന്ത്രിമാർ പോലും വളഞ്ഞിട്ടാക്രമിക്കുകയാണ്. പാലക്കാടും കുട്ടനാടുമുള്ള ആയിരക്കണക്കിന് കർഷകരുടെ പക്കൽ നിന്നും നെല്ല് വാങ്ങിയിട്ട് പണം നൽകാതെ പറ്റിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നെൽകർഷകർക്ക് നൽകാൻ പണമില്ലെങ്കിലും മുഖ്യമന്ത്രി ലക്ഷങ്ങൾ പൊടിച്ച് ഹെലികോപ്റ്ററിൽ പറക്കുകയാണ്. ഇത് ചൂണ്ടിക്കാണിച്ചതാണ് ജയസൂര്യ ചെയ്ത കുറ്റം. 

യുഡിഎഫും എൽഡിഎഫും പരസ്പരം അഡ്ജസ്റ്റ്മെൻ്റ് ചെയ്യുകയാണ്. ഈ ഒത്തുതീർപ്പുകാർക്കെതിരെ പ്രതികരിക്കാൻ കേരള നിയമസഭയിലേക്ക് ലിജിൻ ലാലിനെ അയക്കണം. ഇച്ഛാശക്തിയുള്ള കേന്ദ്രത്തിലെ എൻഡിഎ സർക്കാർ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K