09 September, 2023 03:09:20 PM


തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിന് കടയുടമയെ സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ചയാൾ അറസ്റ്റിൽ



തിരുവനന്തപുരം: തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിന് അന്ധനായ കടയുടമയെ സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ചു. നെടുമങ്ങാടാണ് സംഭവം. കടയുടയമെ ആക്രമിച്ച പനവൂര്‍ സ്വദേശി എം ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആനാട് വട്ടത്തലയ്ക്ക് സമീപം മുറുക്കാന്‍ കട നടത്തുന്ന ബിനു കുമാറിനെയാണ് ഷിജു ആക്രമിച്ചത്. സോഡാകുപ്പികൊണ്ട് തലയ്ക്കടിയേറ്റ ബിനുവിന് സാരമായ പരിക്കേറ്റു. ഇയാൾ നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കടയില്‍ വന്ന പ്രതി ബിനുവിനോട് തീപ്പെട്ടി ചോദിച്ചു. കടയുടമ തീപ്പെട്ടി ഇല്ലെന്ന് പറഞ്ഞതോടെ കടയിലുണ്ടായിരുന്ന സോഡാക്കുപ്പി എടുത്ത് ബിനുവിന്റെ നെഞ്ചിലും തലയ്ക്കും അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബിനുവിനെ ആക്രമിച്ച ശേഷം ഷിജു സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച നെടുമങ്ങാട് എസ്.എച്ച്‌.ഒ ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തിലുളള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K