24 September, 2023 07:02:47 PM


ആഫ്രിക്കൻ ഒച്ചുകൾ വർധിക്കുന്നു: ജനം ആശങ്കയിൽ; അറിയാം നിയന്ത്രണമാർഗങ്ങൾ

- സ്വന്തം ലേഖികഏറ്റുമാനൂർ: മഴ ആരംഭിച്ചതോടെ  ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ക്രമാതീതമായി വർധിക്കുന്നു.  ഒച്ചുകളുടെ നശീകരണത്തിന് അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഏറ്റുമാനൂരിൽ നാട്ടുകാർ രംഗത്തെത്തി.

ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷികലോകത്തെ വിറപ്പിക്കാൻ മഴക്കാലത്താണെത്തുക. കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയിട്ടുണ്ട്. മനുഷ്യർക്കും ഉപദ്രവകാരികളായ ഈ ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്‍റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്.

നിയന്ത്രണമാർഗങ്ങൾ

ബോർഡോമിശ്രിതം തളിക്കുന്നതിലൂടെയും പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതിലൂടെയും ഒച്ചുകളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപ്പൻ (ചകോരം, ചെമ്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. വിവിധ രാജ്യങ്ങളിൽ താറാവിനെ നിയന്ത്രണത്തിനായി  ഉപയോഗിച്ചിരുന്നു.

ഒച്ചുബാധയുള്ള സ്ഥലങ്ങളിൽനിന്നും ചെടികൾ, ജൈവവളം, മണ്ണ്, കാർഷിക പണിയായുധങ്ങൾ, തടി, വാഹനങ്ങൾ എന്നിവ മറ്റു സ്ഥലങ്ങളിക്ക് കൊണ്ടുപോകുമ്പോൾ ഇവ ഒച്ചുകളും മുട്ടകളുമുൾപ്പെടെ വിമുക്തമാണെന്ന് ഉറപ്പുവരുത്തുക.

ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ നശിപ്പിക്കുക, ചപ്പുചവറുകൾ, മരക്കഷണങ്ങൾ എന്നിവ കൂട്ടിയിടാതിരിക്കുക, കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക, ഓടകൾ വൃത്തിയാക്കുക, വീടും പരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക.

ഒച്ചുശല്യമുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുമ്പോൾ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മില്ലുകളിൽനിന്ന് തടികളെടുക്കുമ്പോൾ ഒച്ചുകളുണ്ടെങ്കിൽ അവയെ നശിപ്പിക്കുക. ഈർപ്പമേറിയ ഇടങ്ങളിൽ സൂര്യപ്രകാശം പതിക്കാൻ സാഹചര്യമൊരുക്കുക.

ഒച്ചുകളെ പുകയില കഷായം, തുരിശ് മിശ്രിതം തുടങ്ങിയവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വന ഗവേഷണകേന്ദ്രം നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഇതിനായി 28 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററായി കുറുക്കി അരിച്ച് തണുപ്പിക്കുക. ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് ലയിപ്പിക്കുക. ഇവക്കുട്ടി കലർത്തിയ ശേഷം ഒച്ചുകളുടെ മേൽ തളിക്കുക.

പുകയിലക്കഷായത്തിനു പകരം അകാരി എന്ന കീടനാശിനി ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തുരിശുലായനിയുമായി ചേർത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാം. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇവ വന്നു കൂടുമെന്നതുകൊണ്ട് ഇവിടങ്ങളിൽ പലക, ഓലമടൽ, പാള കമഴ്ത്തിയിടുക. ഇതിനടിയിൽ കൂട്ടംകൂടുന്ന ഒച്ചുകളെ പിടിച്ചു നശിപ്പിക്കാം. 

തുരിശു മാത്രമുള്ള ലായനി ഇവയ്ക്കെതിരേ ഫലപ്രദമാണ്. ഇതിനായി കോപ്പർ സൾഫേറ്റ് (തുരിശ്) ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചുണ്ടാക്കിയ ലായനി വിളകളിൽ തളിക്കണം. വാഴ പോലുള്ള വിളകൾക്കു ചുറ്റും ഒരു ശതമാനം വീര്യമുള്ള തുരിശുലായനി തളിക്കാം. ഇവയുടെ വളർച്ചാഘട്ടത്തിൽ കാത്സ്യത്തിനായി കോൺക്രീറ്റ് വസ്തുക്കളിൽ പറ്റിപ്പിടിക്കാറുണ്ട്. അപ്പോൾ ആറു ശതമാനം തുരിശുലായനി തളിച്ചു നശിപ്പിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K