23 October, 2023 11:37:45 AM


വിശ്വാസ വഞ്ചന കാട്ടിയവരെ പാര്‍ട്ടി പിന്തുണച്ചു; നടി ഗൗതമി ബിജെപി വിട്ടു



ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. 25 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച ഗൗതമി ഇന്നാണ് രാജി പ്രഖ്യാപിക്കുന്നത്. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ തന്നില്ലെന്നത് എടുത്ത് പറഞ്ഞാണ് രാജിവെച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. വിശ്വാസ വഞ്ചനകാണിച്ച് തന്‍റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.

സാമ്പത്തികാവശ്യങ്ങൾക്കായി തന്‍റെ പേരിലുള്ള 46 ​ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉ​പയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. അളഗപ്പനും സംഘവും തന്നെയും മകളെയും ​കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തിയിരുന്നു. ​തന്റെ സാഹചര്യം മുതലെടുത്താണ് അളഗപ്പനും കുടുംബവും മുതലെടുക്കുകയായിരുന്നു.

"20 വർഷം മുമ്പ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിർന്ന രക്ഷകർത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകൾ കൈമാറി. എന്നാൽ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയിൽ പെട്ടത്. പരാതി നൽകിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ ഒരിക്കൽ പോലും പാർട്ടി പിന്തുണച്ചില്ല. എന്നാൽ അളഗപ്പനെ പിന്തുണച്ചാണ് മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K