25 October, 2023 05:42:12 PM


ആരോഗ്യരക്ഷയ്ക്ക് ആയുർവേദം; വിവിധ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത്



കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാലാനുസൃത നവീകരണം ലക്ഷ്യമാക്കി വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ആശുപത്രിയിൽ നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പുറമെയാണ് 2023-24 വാർഷിക പദ്ധതിയിലൂടെ അഞ്ചു സവിശേഷ പദ്ധതികൾ കൂടി നടപ്പാക്കുന്നത്.

ജീവിതശൈലീ രോഗ ചികിത്സയും പ്രതിരോധവും ലക്ഷ്യമാക്കി 'ജീവനി' പദ്ധതി, സ്‌കൂൾ വിദ്യാർഥികളിലെ അലർജി മൂലമുള്ള നേത്രാഭിഷ്യന്ദ ചികിത്സാ പ്രതിരോധ പദ്ധതിയായ 'പ്രകാശി', ലഹരി ഉപയോഗ ചികിത്സയും പ്രതിരോധവും ലക്ഷ്യമാക്കി 'മനസ്വീ', യോഗാ പരിശീലന പദ്ധതിയായ 'പ്രശോഭി', സ്‌കോളിയോസിസ് ബോധവത്കരണ പദ്ധതിയായ 'തന്വീ' തുടങ്ങിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

10 ലക്ഷം രൂപയാണ് പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ ബോധവത്കരണ ക്ലാസുകളും സൗജന്യ ചികിത്സാ സൗകര്യങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കും. കൂടാതെ ജീവിതശൈലീ രോഗപ്രതിരോധ വിവരങ്ങൾ മനസിലാക്കി വേണ്ട ഇടപെടലുകൾ നടത്തുന്നതിനാവശ്യമായ വിവരങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും.

യോഗാ പരിശീലന പദ്ധതിയായ 'പ്രശോഭി' മുഖാന്തരം കൗമാരക്കാരായ സ്‌കൂൾ വിദ്യാർഥികളുടെ ആർത്തവ സംബന്ധമായ ശാക്തീകരണത്തിനും വയോജനങ്ങളുടെ കർമ്മശക്തി സംരക്ഷിക്കാനായി സൗജന്യ യോഗാ പരിശീലനവും പദ്ധതിയിലൂടെ നടപ്പാക്കുന്നു.

കാലോചിതമായ പരിഷ്‌കരണങ്ങളിലൂടെ ജില്ലാ ആയുർവേദ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നതെന്നും നവകേരളം വിഭാവനം ചെയ്യുന്ന മാലിന്യനിർമാർജനം, സാന്ത്വന പരിചരണം എന്നിവയ്ക്ക് പ്രഥമ പരിഗണ നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K