29 November, 2023 01:00:35 PM


അബിഗേലിനെ കണ്ടെത്താൻ ശ്രമിച്ചവർക്കും സഹോദരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി



മലപ്പുറം: കൊല്ലത്ത് അബി​ഗേൽ സാറ റെജിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോധൈര്യം കൈവിടാതെ പൊലീസിന് വിവരങ്ങൾ നൽകിയ സഹോദരൻ ജോനാഥിനും പ്രത്യേകം അഭിനന്ദനം അറിയിച്ചു. മലപ്പുറത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പൊലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K