08 May, 2024 08:48:11 PM


മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു

 

ടെക്സസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു. 74 വയസായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്നു വൈകുന്നേരം ഹൃദയാഘാതം  സംഭവിക്കുകയായിരുന്നു.



നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാൻ എന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാംവയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 

1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേ‍ർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു. 

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച് എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസനരംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 

2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു. സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന്  തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K