04 June, 2024 09:00:59 AM


മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു



തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.


മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്കർ 'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K