09 September, 2024 01:21:54 PM


കോഴിക്കോട് ജില്ലയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു



കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. അതേസമയം, മ‍ഞ്ഞപ്പിത്തം പടരുന്നതില്‍ കൊമ്മേരി ജനകീയ സമിതിയെ പഴിചാരി കോര്‍പറേഷന്‍ രംഗത്തെത്തി. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K