04 May, 2025 07:46:56 PM
മീനച്ചിലാറ്റിൽ കാണാതായ 2 വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന് വേണ്ടി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയിരിക്കുന്നത്.
ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു വെച്ച് കാണാതായത്. ഇന്നലെ നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ കാണാതാവുകയായിരുന്നു. ഇന്നലെ മുതൽ വിദ്യാർത്ഥികൾക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
ഇന്ന് രാവിലെ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുക്കൊണ്ടാണ് തിരച്ചിൽ നടത്തിയിരുന്നത്. ഡാമിന്റെ ഷട്ടർ തുറന്നതിനാൽ മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.