18 July, 2025 08:29:28 PM


തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍



കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി  ഷോക്കേറ്റ് മരിച്ച  സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി.

കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.‍‍‍

സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷെഡിന്റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920