20 September, 2025 09:31:53 AM
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വരുന്നതില്‍ പ്രതിഷേധം; കാലുകുത്തിക്കില്ലെന്ന് ബിജെപി, അറസ്റ്റ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎല്‍എ ഓഫീസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാന്‍ ശ്രമിച്ചതും. രാഹുല്‍ ഇന്ന് പാലക്കാട് എത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ബിജെപി പ്രതിഷേധം.
സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് രാഹുല്‍ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രാവിലെ നാല് മുതല്‍ ഇവിടെ കാത്തുനില്‍ക്കുകയാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു.
ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്ന രാഹുല്‍ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചതായും വിവരം ഉണ്ട്. മണ്ഡലത്തിലെത്തുന്ന രാഹുല്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.