09 January, 2026 11:31:24 AM
ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ; മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ

പാലക്കാട്: വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിലെ അധ്യാപകന്റെ ഫോണില്‍ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. സംസ്കൃത അധ്യാപകനായ അനിൽ കൂടുതൽ വിദ്യാർഥികളെ പീഡിനത്തിനിരയാക്കിയെന്നും സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു. അധ്യാപകന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങ്ങിലാണ് അഞ്ച് കുട്ടികള്‍ കൂടി അധ്യാപകനെതിരെ രംഗത്ത് വന്നത്. കുട്ടികള്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ വരാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ എഇഒ റിപ്പോര്‍ട്ട് പ്രകാരം വന്നിരുന്നു. വിവരം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് വിഷയത്തില്‍ പരാതി നല്‍കിയതെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതി വാങ്ങി.
ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഇക്ക് എഇഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര സ്‌കൂളിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.
കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. എസ്സി വിഭാഗത്തില്‍പെട്ട കുട്ടിയാണ് പീഡനത്തിനിരയായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്.





