23 April, 2026 11:48:52 AM
പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

വളാഞ്ചേരി: പൊതുഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി അറസ്റ്റില്‍. വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസിനെയാണ് (30) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വ്യാപാര സ്ഥാപനങ്ങളുടേയും മറ്റും പ്രൊമോഷണല്‍ വ്‌ളോഗുകള്‍ എടുക്കുന്നയാളാണ് നിയാസ് കൊട്ടാരം. പൊതുജനാരോഗ്യത്തിനും പരിസരശുചിത്വത്തിനും വെല്ലുവിളിയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
രാത്രികാലങ്ങളില്‍ റോഡിലും ജനവാസ ഇടങ്ങളിലും കക്കൂസ് മാലിന്യം തള്ളുകയാണ് ഇയാളുടെ പണിയെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ ഇയാള്‍ വെല്ലുവിളിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും തള്ളുന്ന തരത്തിലുള്ള വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ ചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





