25 April, 2026 01:38:22 PM
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈദരാബാദ്: പുതിയ പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി. ഏഴ് മാസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കവിത ബിആര്‍എസ് വിട്ടിരുന്നു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പ്രതികരിച്ചു. 2029ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.
തെലങ്കാനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച ബിആര്‍എസ് പാര്‍ട്ടി അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നും കവിത ആരോപിച്ചു. കഴിഞ്ഞ മാസമായിരുന്നു പുതിയ രാഷ്ട്രീയ സംഘടനയുടെ രൂപീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം. അന്ന് നടന്ന പത്രസമ്മേളനത്തില്‍ സമഗ്ര വികസനത്തിനും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ പാര്‍ട്ടി നിലകൊള്ളുമെന്ന് കവിത പറഞ്ഞിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുകൊണ്ടാണ് കെ കവിതയെ പിതാവും ബിആർഎസ് തലവനുമായ കെ ചന്ദ്രശേഖര റാവു പുറത്താക്കിയത്. ഇതിന് പിന്നാലെ ഒരു ദിവസം താന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും 2024 മുതല്‍ നടന്ന എല്ലാ ക്രമക്കേടുകളും അന്വേഷിച്ച് കണ്ടെത്തുമെന്നും കവിത വെല്ലുവിളിച്ചിരുന്നു.





