19 May, 2026 05:12:33 PM


പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണമായിരുന്നു- പഴകുളം മധു



പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണ്ടതായിരുന്നു എന്ന് റാന്നി നിയുക്ത എംഎല്‍എ പഴകുളം മധു. വ്യക്തിപരമായി തനിക്ക് മന്ത്രി ആകണമെന്ന് ആഗ്രഹമില്ലായിരുന്നു എന്നും മന്ത്രി ആകണമെന്ന് ഒരു നേതാവിനോടും താന്‍ പറഞ്ഞിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം നടന്നെന്നും വന്‍ ശക്തികളാണ് അതിനുപിന്നിലെന്നും പഴകുളം മധു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപം മാനസിക പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് പഴകുളം മധു ഇക്കാര്യം പറഞ്ഞത്.

'പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണമായിരുന്നു. അര്‍ഹതയുണ്ടായിരുന്നു. അത് ജില്ലയുടെ വികസനത്തിന് വളരെയേറെ സഹായം ചെയ്യുമായിരുന്നു. പക്ഷെ യുഡിഎഫ് സര്‍ക്കാരിന് പല ഘടകങ്ങളും പരിശോധിക്കാനുണ്ടായിരുന്നു. എടുത്ത തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. ജില്ലയ്ക്ക് പൊതുമായി മന്ത്രിസ്ഥാനം പ്രയോജനം ചെയ്യുമായിരുന്നു. ഞാന്‍ 140 മണ്ഡലങ്ങളിലും സൈബര്‍ ആക്രമണം നേരിട്ടയാളാണ്. മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് ഒട്ടുമിക്ക മാധ്യമങ്ങളും സര്‍വേകളുമൊക്കെ പറഞ്ഞിരുന്നത്. സമൂഹമാധ്യമങ്ങളില്‍ എനിക്കെതിരെ വലിയ ആക്രമണമുണ്ടായിരുന്നു. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ ശക്തികളാണ്. ഞാന്‍ തോല്‍ക്കുമെന്നും ഞാന്‍ ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നും പ്രചാരണമുണ്ടായി. എന്നെ മാനസികമായി വളരെയേറെ പ്രയാസപ്പെടുത്തിയ ക്യാംപെയ്‌നുകളുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷവും അതുപോലെ ആ ക്യാംപെയ്ന്‍ അവര്‍ തുടരുന്നുണ്ട്. പക്ഷെ ഞാന്‍ നാല് പതിറ്റാണ്ടായി നിങ്ങള്‍ക്കുമുന്നില്‍ ജീവിക്കുന്നയാളാണ്. ഒന്നും മറച്ചുവയ്ക്കാനില്ല. രാഷ്ട്രീയ നിലപാടുളള ആളാണ് ഞാന്‍. അതില്‍ വെളളം ചേര്‍ക്കാനും തീരുമാനമില്ല. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ തന്നെ അതില്‍ നിന്ന് പിന്തിരിയും. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. റാന്നിയുടെ വികസനത്തിലാണ് എന്റെ ശ്രദ്ധ. ഇങ്ങനെ പറയുന്നവരെക്കൊണ്ട് അടുത്ത 5 വര്‍ഷത്തില്‍ തിരിച്ച് പറയിക്കുക എന്നതാണ് എന്റെ ലക്ഷ്യം'-പഴകുളം മധു പറഞ്ഞു.

സര്‍ക്കാര്‍ റാന്നിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശബരിമല ഇടത്താവളങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. ശബരിമലയുടെ പ്രധാന കേന്ദ്രമായ റാന്നിയില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും മാറിമാറി വന്ന ഒരു സര്‍ക്കാരും വികസനം നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വടശേരിക്കരയില്‍ പില്‍ഗിം സെന്റര്‍ പദ്ധതി വേണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണം, ഇതുവരെ ഉത്പാദിപ്പിച്ച വൈദ്യുതിയുടെ കണക്ക് എടുക്കണം. ഉദ്പാദിപ്പിച്ച വൈദ്യുതിയുടെ തുക സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നല്‍കുമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306