20 May, 2026 12:37:56 PM


സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ നിര്‍ദേശം



തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാർക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940