28 May, 2026 09:51:04 AM
കൊച്ചിയിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസാണ് (39) പിടിയിലായത്. പാലാരിവട്ടം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ മേയ് 12-ന് പുലർച്ചെ നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി ഉറങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ഹോസ്റ്റലിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





