21 November, 2026 10:21:44 AM
കാലടി സര്‍വകലാശാലയില്‍ ബിഎ തോറ്റ വിദ്യാര്‍ഥിനി എംഎ ജയിച്ചു; ഗുരുതര കണ്ടെത്തല്‍

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ബി എ തോറ്റ വിദ്യാര്‍ത്ഥിനി എം എ ജയിച്ചു. സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലാണ് വിചിത്ര സംഭവം. 2014 - 2017 വര്‍ഷം ബി എ സംസ്‌കൃതം സാഹിത്യം പഠിച്ച വിദ്യാര്‍ത്ഥിനി കോഴ്‌സ് പാസായിരുന്നില്ല. ഇതേ പെണ്‍കുട്ടി 2017ല്‍ എം എ കോഴ്‌സിന് അതേ സെന്ററില്‍ തന്നെ പ്രവേശനം നേടുകയും 2019 ല്‍ കോഴ്‌സ് പാസാവുകയും ചെയ്തു. പിന്നീട് എം എ പാസായ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും വിദ്യാര്‍ത്ഥിനി കൈപ്പറ്റുകയും ചെയ്തു.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ വിദ്യര്‍ത്ഥിനി സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പരീക്ഷ വിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പെണ്‍കുട്ടി ബിഎ അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ബിരുദമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എംഎ യ്ക്ക് പ്രവേശനം നല്‍കുന്നത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് ഓഡിറ്റ് വിഭാഗം കര്‍ശന നിര്‍ദേശം നല്‍കി.



