16 November, 2026 07:02:29 PM
ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ സര്‍വകലാശാല സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം- പ്രൊഫ. അച്യുത്ശങ്കര്‍ എസ്. നായര്‍

കോട്ടയം: പൊതുസര്‍വകലാശാലകളുടെ മികവും പ്രസക്തിയും സംരക്ഷിക്കാന്‍ അധ്യാപകസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രൊഫ. അച്യുത്ശങ്കര്‍ എസ്. നായര്‍ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമില്‍ അക്കാദമിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സ്വകാര്യ, ഡീംഡ് സര്‍വകലാശാലകളുടെ കടന്നുവരവും പൊതുസര്‍വകലാശാലകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അധ്യാപകരുടെയും അക്കാദമിക സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇവയെ നേരിടണം. വിദ്യാഭ്യാസ പരിഷ്കാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ഉപാധിയായി കാണരുത്. പൊതുകലാലയങ്ങളുടെ നിലവാരം ഇടിയുകയാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് പകരം അവയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സവിശേഷതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനുശേഷമുള്ള എക്സിറ്റ്, നാലുവര്‍ഷ ഓണേഴ്സ് ബിരുദം, ഗവേഷണത്തോടെയുള്ള ഓണേഴ്സ് ബിരുദം എന്നിവ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത പഠന-ഗവേഷണ സാധ്യതകള്‍ തുറന്ന് നല്കുന്നു. മേജര്‍, മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിന്റെ പ്രത്യേകതയാണ്. പുതിയ പഠനപരിപാടികള്‍ ആരംഭിക്കുന്നതിനേക്കാള്‍ നിലവിലുള്ളവ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ കോളേജുകളിലും എ.ഐ പഠനവിഭാഗങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളിലേക്ക് ആഗോള അക്കാദമിക സമൂഹത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'കേരള ക്യാമ്പസ് ഡൈവേഴ്സിറ്റി മിഷന്' (കെ.സി.ഡി.എം) രൂപീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ലോകത്തിന്റെ സമസ്ത മേഖലകളും കാലാനുസൃതമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ഉന്നതവിദ്യാഭ്യാസ മേഖലയും അതിനനുസരിച്ച് മാറേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും, അക്കാദമിക മുന്നേറ്റവും സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതികളിലും ഭരണസംവിധാനങ്ങളിലും മാറ്റം ആവശ്യപ്പെടുന്നുണ്ട്. പൊതുസര്‍വകലാശാലകള്‍ കാലത്തിനൊത്ത് സ്വയം നവീകരിക്കുകയും മാറ്റങ്ങളോട് വേഗത്തില്‍ പ്രതികരിക്കുകയും വേണം. പഴയ രീതികള്‍ കണ്ണടച്ച് പിന്തുടരുന്നതിന് പകരം ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ആശയവിനിമയരീതികള്‍ കൂടുതല്‍ ലളിതവും ഫലപ്രദവുമാക്കാനും തയ്യാറാകണം. സര്‍വകലാശാലാ പ്രവര്‍ത്തനരീതികളില്‍ ഏകീകരണത്തോടൊപ്പം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കണമെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
'നാലുവര്‍ഷ ബിരുദ പ്രോഗ്രാം - ട്രാന്സ്ഫോര്മേഷന് ആന്‍ഡ് ട്രാന്സിഷന് ടു ദി ന്യൂ ഫ്ലെക്സിബിള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം എന്ന വിഷയത്തില്‍ നവംബര്‍ 20 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ ഫലാധിഷ്ഠിത രീതികളിലേക്ക് പാഠ്യപദ്ധതിയെ മാറ്റിയെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഉദ്ഘാടനച്ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം ഐസണ്‍ വി. വഞ്ചിപുരക്കല്‍ സ്വാഗതവും രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) ബിനു ജോര്‍ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു.



