17 July, 2026 05:36:29 PM


ജീവനാമൃതം പദ്ധതി നാളെ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും



കോട്ടയം: ജീവനാമൃതം-ആയുര്‍വേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ  രാവിലെ 10.30ന് തലയോലപ്പറമ്പ് എ.ജെ.  ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലവിഭവ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും.  കെ. ബിനിമോന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആയുഷ് ആയുര്‍വ്വേദ ഡിസ്പെന്‍സറി, ദേശീയ ആരോഗ്യ ദൗത്യം, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെയും കോട്ടയം ജില്ലാ ആയുഷ് എന്‍.എച്ച്.എം. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ ആയുര്‍വ്വേദത്തിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍, കൗമാരാരോഗ്യം, സ്ത്രീകളുടെ വിവിധ കാലഘട്ടങ്ങളിലെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരം, വയോജന ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദവും യോഗയും, ഔഷധ സസ്യപ്രദര്‍ശനവും പരിപാലനവും എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പദ്ധതിയുടെ ഭാഗമായി എ.ജെ. ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, ആയുര്‍വേദ എക്സ്പോ, ഔഷധ സസ്യപ്രദര്‍ശനം, ആരോഗ്യരുചിക്കൂട്ടുകള്‍, യോഗ, വിദ്യാര്‍ഥികള്‍ക്കായി വിളര്‍ച്ചാ പരിശോധന, ക്വിസ് എന്നിവ സംഘടിപ്പിക്കും.

നാഗാര്‍ജ്ജുനയുമായി സഹകരിച്ച് സ്‌കൂളില്‍ ഔഷധ തോട്ട നിര്‍മാണത്തിനായി മുപ്പത്  ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമവും ഗുണങ്ങളും ഉള്‍പ്പെടുന്ന ബോര്‍ഡുകളും സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിന് കൈമാറും.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ആയുര്‍വേദ എക്സ്പോ ഉദ്ഘാടനം ചെയ്യും. ആരോഗ്യപരിശോധനയും ജീവനാമൃതം ഹെല്‍ത്ത് കാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു നിര്‍വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സാം സാവിയോ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931