26 June, 2026 09:36:34 AM


ഓപ്പറേഷൻ തൂഫാൻ: വെള്ളൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ



വൈക്കം: കേരള പോലീസിന്റെ ലഹരി- വിരുദ്ധ നടപടിയായ തൂഫാൻ്റെ ഭാഗമായി വെള്ളൂർ പോലീസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാണക്കാരി വെമ്പള്ളി പന്തീരടിതറയിൽ വിനീഷ് (42), ഈരാറ്റുപേട്ട ആശാരിപ്പറമ്പിൽ വീട്ടിൽ ശിഹാബുദ്ദീൻ (52) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെരുവ സ്കൂൾ ഭാഗത്ത് വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ കാറിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന നാല് ചാക്കുകളിലായി സൂക്ഷിച്ച 3,000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടികൂടുകയായിരുന്നു.

തുടർന്ന് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ശിഹാബുദ്ദീന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ചാക്കുകളിലായി സൂക്ഷിച്ച 7000 പാക്കറ്റോളം നിരോധിത പുകയില ഉത്പന്നവും കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളും വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. വെള്ളൂർ എസ് എച്ച് ഒ റിയാസ്, എസ്.ഐ. ശിവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938