24 August, 2026 07:14:16 PM
കുറുപ്പന്തറയില്‍ തൂഫാൻ റെയ്ഡിനിടെ മോഷ്ടാക്കൾ പിടിയിൽ

കടുത്തുരുത്തി: തൂഫാൻ റെയ്ഡിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പിടിയിലായ യുവാക്കൾ മോഷണക്കേസിലും പ്രതികളാണെന്ന് കണ്ടെത്തി. അതിരമ്പുഴ വില്ലേജ് അമലഗിരി ഭാഗം മഞ്ചേരി വീട്ടിൽ മാത്യൂസ് ജോണിന്റെ മകൻ ജറോം മാത്യു (23), ആർപ്പൂക്കര വില്ലേജ് ആർപ്പൂക്കര കരയിൽ കുളങ്ങരപറമ്പിൽ വീട്ടിൽ സാബുവിന്റെ മകൻ സോജിമോൻ സാബു (21) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.
വൈക്കം ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെ നിർദ്ദേശപ്രകാരം കുറുപ്പന്തറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ എത്തിയ യുവാക്കളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തി. തുടർന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് കഞ്ചാവ് കൈവശം വച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതികളെ തുടർനടപടികൾക്കായി കുറവിലങ്ങാട് പോലീസിന് കൈമാറി.
കടുത്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ ജയൻ കെ.എസ്., സബ് ഇൻസ്പെക്ടർ ശരണ്യ എസ്. ദേവൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സുമൻ, കിരൺ, വിപിൻ, അർജുൻ, സുജിത്ത്, ശരത്ത്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.






