11 August, 2026 09:18:13 AM


11.40 ലക്ഷം രൂപയുടെ തട്ടിപ്പ്; പെരുമ്പായിക്കാട് സ്വദേശി അറസ്റ്റിൽ

 

തലയോലപ്പറമ്പ്: സ്ഥാപനത്തിൽ നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയ ശേഷം തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുമാരനല്ലൂർ വില്ലേജിൽ പെരുമ്പായിക്കാട് , മമ്മൂട് ഭാഗം ചാരളുകുഴി വീട്ടിൽ ജോസഫിന്റെ മകൻ റെൻജു ജോസഫ് (27) ആണ് അറസ്റ്റിലായത്. പഴയകടവിൽ പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന രണ്ടാം പ്രതി, ഒന്നാം പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തി 2024 ഡിസംബർ 7-ന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയിൽ 11,40,000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതായാണ് പരാതി. സംഭവം അറിഞ്ഞ സ്ഥാപന ഉടമ പ്രതികളോട് ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച സാധനങ്ങളുടെ വിലയായ 11.40 ലക്ഷം രൂപ നൽകാമെന്ന് പ്രോമിസറി നോട്ടിലും വെള്ളപ്പേപ്പറിലും എഴുതി നൽകി.

തുടർന്ന് ആറ് മാസത്തിനകം തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി 23-ന് പുതിയ കരാർ ഉണ്ടാക്കുകയും, 11.40 ലക്ഷം രൂപയുടെ തുക രേഖപ്പെടുത്തിയ ഒന്നാം പ്രതി ഒപ്പിട്ട ചെക്കും മുദ്രപ്പത്രവും പരാതിക്കാരന് കൈമാറുകയും ചെയ്തു. എന്നാൽ പിന്നീട് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങുകയായിരുന്നു. ഇതുവഴി പ്രതികൾ വിശ്വാസവഞ്ചനയും ചതിയും നടത്തി പരാതിക്കാരന് 11.40 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

വൈക്കം ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡോമിൻ ജോസ്, എ.എസ്.ഐ. അനിൽ വി.എ., സി.പി.ഒ. ഷിൻ കെ.ബി. എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K