06 November, 2026 09:52:57 PM


വ്യാജ ഇന്ത്യൻ കറൻസി വിതരണം ചെയ്ത കേസിൽ പ്രതി പിടിയിൽ

 

വൈക്കം: വ്യാജ ഇന്ത്യൻ കറൻസി വിതരണം ചെയ്ത കേസിൽ പത്തനാപുരം സ്വദേശിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൽ റഷീദ് എന്നയാളെയാണ് 06.11.2026 ന് കോട്ടയം ഇല്ലിക്കൽ ഭാഗത്തെ വേളൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ഇന്ത്യൻ കറൻസി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈക്കം ടൗണിനോട് ചേർന്ന വിവിധ സ്ഥലങ്ങളിൽ നാല് വ്യാജ 500 രൂപാ നോട്ടുകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത്.

പ്രതി താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ 37 വ്യാജ 500 രൂപാ നോട്ടുകൾ, ഭാഗികമായി മാത്രം അച്ചടിച്ച ഏഴ് 500 രൂപാ നോട്ടുകൾ, വ്യാജ നോട്ടുകൾ നൽകി പകരം കൈപ്പറ്റിയ യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകൾ എന്നിവ കണ്ടെടുത്തു. കൂടാതെ വ്യാജ കറൻസി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, ലാമിനേറ്റർ, പേപ്പർ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.

പ്രതിക്കെതിരെ കുറുപ്പംപടി, കിളിമാനൂർ, നാടുകൽ, പാലക്കാട്, ചടയമംഗലം, കുണ്ടറ, അഞ്ചാലുംമൂട്, തൃശൂർ ഈസ്റ്റ്, നെയ്യാറ്റിൻകര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു IPS-ന്റെ മേൽനോട്ടത്തിൽ വൈക്കം DYSP ശ്രീ. കെ. എൻ. രാജേഷിന്റെയും വൈക്കം സർക്കിൾ ഇൻസ്പെക്ടർ (I/C) ശ്രീ. റീജൻ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ വൈശാഖ് കെ.വി., SI ജെയ്മോൻ വി.എം., ASI റഫീഖ്, CPOമാരായ ശരത് ലാൽ, റിമ്മോൻ, ലിഖിത എന്നിവരും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സുമൻ, അജ്മൽ, സാം, അനീഷ് എന്നിവരും ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934