31 August, 2026 09:17:16 AM


നേപ്പാള്‍ മിന്നല്‍ പ്രളയം; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം



കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറ് കടന്നു. നേപ്പാളിൽ 788 പേരും ടിബറ്റ് മേഖലയിൽ 16 പേരും ഉൾപ്പെടെ ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 804 ആയി. ഞായറാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 2,500ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2,502 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ നിന്ന് ഇതുവരെ 9,435 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ചൈനയുടെ ഭാഗത്തുള്ള ടിബറ്റൻ മേഖലയിൽ പ്രളയത്തിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ട്. ടിബറ്റിൽ 546 പേരെ ഇപ്പോഴും കാണാതായതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാതെ അഴുകിയ നിലയിലാണ്. ഡിഎൻഎ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ചിത്വാൻ ജില്ലയാണ് തിരിച്ചറിയാനാകാത്ത നൂറുകണക്കിന് മൃതദേഹങ്ങളാണ് ഈ നിലയിൽ കൂട്ടമായി സംസ്കരിച്ചത്. ഇതിനിടെ ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി NDRRMA മുന്നറിയിപ്പ് നൽകി.

പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നായിരുന്നു പ്രസ്താവനയിലൂടെ അധികൃതർ നൽകിയ മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥിതിഗതികൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നും NDRRMA വ്യക്തമാക്കിയിട്ടുണ്ട്.

ത്രിശൂലി നദിയിൽ വീണ്ടും ഉണ്ടായ പ്രളയത്തിൽ തൂക്കുപാലം ഒലിച്ചുപോയി. മധ്യ നേപ്പാളിൽ ഒരു തൂക്കുപാലം ഒലിച്ചുപോയതായാണ് അധികൃതർ അറിയിച്ചത്. ഗണ്ഡകി പ്രവിശ്യയിലെ ഗോർഖ ജില്ലയിൽ ഗണ്ഡകി റൂറൽ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ ഘ്യാൽചോക്കിനെയും പൃഥ്വി ഹൈവേയിലെ ചരൗഡിയെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് തകർന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പ്രളയത്തിൽ രാവിലെ 11.30ഓടെയാണ് പാലം ഒലിച്ചുപോയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294