22 August, 2026 10:11:00 AM
മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

നെയ്പിഡോ: മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലെ ബുദ്ധവിഹാര വളപ്പിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മ്യാൻഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിൽ ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബ് വർഷിക്കുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ പറഞ്ഞു. ഏകദേശം 15 മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ബോംബുകൾ വർഷിച്ചതായി പ്രദേശവാസിയും വ്യക്തമാക്കി.
നൂറിലധികം പേർ പങ്കെടുത്ത ഏഴ് ദിവസം നീണ്ട ധ്യാന പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിന് പിന്നാലെ നിരവധി ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്. സായുധ സംഘങ്ങൾക്കെതിരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരയുടെ ഭാഗമായാണ് സംഭവത്തെ വിലയിരുത്തുന്നത്.
അതേസമയം, മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങൾ നടത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് ഇൻവെസ്റ്റിഗേറ്റീവ് മെക്കാനിസം ഫോർ മ്യാൻമർ (IIMM) ആരോപിച്ചു. സൈനിക ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആക്രമണങ്ങൾക്ക് ഉത്തരവിടുന്ന സൈനിക കമാൻഡ് ശൃംഖലയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് IIMM തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു.
സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണസംഘം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യാൻമറിലെ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നതിനിടെ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ സംബന്ധിച്ച ആശങ്കയും ഇതോടെ വീണ്ടും ശക്തമായി.





