06 September, 2026 08:47:10 PM
വീടിന്‍റെ ചലനങ്ങൾ നിരീക്ഷിച്ച് മോഷണം; തിരുവാതുക്കൽ സ്വദേശി പിടിയിൽ

കോട്ടയം: തിരുവാതുക്കൽ – വേളൂർ പുളിനാക്കൽ ഭാഗത്ത് വീടിൻറെ വാതിൽ തകർത്ത് അകത്തുകയറി മോഷണം നടത്തിയ പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പിൽ അലക്സാണ്ടർ തോമസിന്റെ വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ കവർന്ന കേസിൽ ആസൂത്രിതമായി മോഷണം നടത്തിയ യുവാവിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വേളൂർ വില്ലേജിൽ തിരുവാതുക്കൽ വാഴേപ്പറമ്പിൽ പുളിച്ചിപ്പറമ്പിൽ ലാൽജി മകൻ രാഹുൽ പി. ലാൽജി യെ (29) കോട്ടയം വെസ്റ്റ് ഇൻസ്പെക്ടറും എസ്.എച്ച്.ഒയുമായ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2026 സെപ്റ്റംബർ 1 ന് പകൽ വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം. വീട്ടിലെ താമസക്കാരുടെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച പ്രതി, താമസക്കാരൻ കടയിലേക്ക് പോയ സമയം മനസ്സിലാക്കിയ ശേഷമാണ് വീട്ടിലെത്തിയത്. സമീപത്തെ വീട്ടിൽ ടൈൽ ജോലികൾ നടക്കുന്നതിന്റെ മറവിൽ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി മുറിയിലെ ഇരുമ്പ് അലമാരയുടെ പൂട്ട് പൊളിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ കവർന്നു. തെളിവുകൾ നശിപ്പിക്കാൻ വീട്ടിൽ പെട്രോൾ ഒഴിച്ച ശേഷം കടന്നുകളയുകയായിരുന്നു. 15 പേരെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി നിർണായകമായി
സംഭവത്തിൽ നേരിട്ടുള്ള തെളിവുകൾ ആദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം വ്യാപിപ്പിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ചു. സംശയാസ്പദമായ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ 15 ഓളം പേരെ നിരീക്ഷണത്തിലാക്കി ശാസ്ത്രീയ അന്വേഷണ രീതികൾ അവലംബിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് ഇന്ന് പുലർച്ചെ തിരുവാതുക്കൽ ഭാഗത്തെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 48,000 രൂപ കണ്ടെടുത്തു. അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ജി. അനീഷിന്റെ മേൽനോട്ടത്തിൽ കോട്ടയം വെസ്റ്റ് ഇൻസ്പെക്ടറും എസ്.എച്ച്.ഒയുമായ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ് കുമാർ, എ.എസ്.ഐ സജി പി.സി., എസ്.സി.പി.ഒ മാരായ അജിത്ത് എ.വി., അരുൺകുമാർ എം.വി., സി.പി.ഒ മാരായ അനുലാൽ, രാകേഷ് എസ്.ജെ., വിപിൻ ബി. എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





