19 August, 2026 06:12:16 PM
സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണവകുപ്പിന്‍റെ അംഗസമാശ്വാസനിധി ധനസഹായവിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സാഹിത്യ പ്രവർത്തകസംഘം ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ ഒഴിച്ചുനിർത്തി കേരളത്തിൽ വികസനപ്രവർത്തനങ്ങൾ സാധ്യമല്ല. സഹകരണപ്രസ്ഥാനം കൂടുതൽ മേഖലകളിലേക്ക് കടന്നുചെല്ലണമെന്നും സ്പീക്കര്‍ പറഞ്ഞു.
കോട്ടയം ജില്ലയിൽ 118 ഗുണഭോക്താക്കൾക്കായി 26,10,000 രൂപയാണ് വിതരണം ചെയ്തത്. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് വേദിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും നാട്ടകം സുരേഷ് എംഎൽഎയും ചേർന്നു ധനസഹായം കൈമാറി. ഗുരുതരരോഗങ്ങൾ ബാധിച്ച, കിടപ്പുരോഗികളായ പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങൾക്ക് അൻപതിനായിരം രൂപവരെ അനുവദിക്കുന്നതാണ് സഹകരണവകുപ്പിന്‍റെ അംഗ സമാശ്വാസ പദ്ധതി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന കാർഷിക വികസനബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ കെ.എം. രാധാകൃഷ്ണൻ, അഡ്വ. പി. സതീഷ് ചന്ദ്രന്‍ നായർ, ടി.സി. വിനോദ്, ജോൺസൺ പുളിക്കീൽ, ജി. ഗോപകുമാർ, സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടർ ജയമ്മ പോൾ, ജോയിന്‍റ് രജിസ്ട്രാർ എം. രജിത എന്നിവർ പ്രസംഗിച്ചു.





