19 August, 2026 06:14:56 PM
അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കിൽ പരാതികൾക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും സ്ഥലത്തിന്റെ വിവരങ്ങളും നൽകാം.
ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ
ചങ്ങനാശേരി-9447124237, 0481-2420037
കാഞ്ഞിരപ്പള്ളി-9447193631, 04828-202331
കോട്ടയം-9447196807, 0481-2568007
മീനച്ചിൽ-9447161232, 0482-2212325
വൈക്കം-9447139331, 04829-231331
miningcomplaintsktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും വിവരമറിയിക്കാം. ലഭിക്കുന്ന പരാതികളിൽ ഉദ്യോഗസ്ഥർ അടിയന്തര പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.
ജില്ലയിലെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അനധികൃത ഖനനം, കടത്ത്, നിലം നികത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു





