13 August, 2026 07:30:20 PM
അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം

കോട്ടയം: ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് ലഭിക്കും. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്ന് 380 രൂപ കുറച്ച് 1500 രൂപയ്ക്കും, 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും ലഭിക്കും.
പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങി ഒൻപത് പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് വിൽക്കുന്നത്.
ഓണസമ്മാനമായി നൽകാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളുമുണ്ട്. 500, 1000 രൂപ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം.





