13 August, 2026 12:04:52 AM


വിദേശജോലി തട്ടിപ്പ്: ചങ്ങനാശ്ശേരി സ്വദേശി ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ




കോട്ടയം: വിദേശരാജ്യമായ കാനഡയിൽ നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ഏകദേശം മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിയും എറണാകുളം പനങ്ങാട് സ്ഥിരതാമസക്കാരനും കനേഡിയൻ പൗരനുമായ ജെയിംസ് കുട്ടി കുര്യാക്കോസ് (64) ആണ് അറസ്റ്റിലായത്.


എറണാകുളം കുമ്പളം പനങ്ങാട് കാമോത്ത് ക്ഷേത്രത്തിന് സമീപം വിലങ്ങാട് റോമാവില്ല, നടുതുരുത്തി റോഡ് ഭാഗത്ത് താമസിക്കുന്ന  പ്രതിക്കെതിരെ ചിങ്ങവനം പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പ്രതിയെ കണ്ടെത്തി ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കാനഡയിൽ നഴ്സിംഗ് ജോലിയും മറ്റ് ജോലികളും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിവിധ ആളുകളിൽ നിന്ന് വൻതുക കൈപ്പറ്റിയതെന്നാണ്  പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജോലി ലഭ്യമാക്കാതെയും പണം തിരികെ നൽകാതെയും വഞ്ചിച്ചെന്നാണ് പരാതി.


ചിങ്ങവനം പോലീസ് സ്റ്റേഷനിലെ കേസിന് പുറമെ, എടത്വ, കരുനാഗപ്പള്ളി, പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശ്ശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലും സമാനമായ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ പ്രതിക്കെതിരെ നിലവിലുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297