29 August, 2026 09:23:04 AM


എരുമേലിയിൽ അനധികൃത മദ്യവിൽപ്പന; 6 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ



എരുമേലി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ സർക്കാർ മദ്യവിൽപ്പന നിരോധിച്ചിരിക്കെ അനധികൃതമായി വിൽപ്പന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 6 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ശ്രീനിപുരം ഭാഗത്തെ തട്ടാടത്ത് വീട്ടിൽ വിശ്വൻ എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ തടി ഉപയോഗിച്ച് പ്രത്യേകം നിർമ്മിച്ച അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. 500 മില്ലി ലിറ്ററിന്റെ എട്ട് കുപ്പികളിലായി 4 ലിറ്റർ ഹണീബീയും 500 മില്ലി ലിറ്ററിന്റെ നാല് കുപ്പികളിലായി 2 ലിറ്റർ NO.1 McDowell's വിദേശമദ്യവുമാണ് പിടികൂടിയത്.

എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. എസ്.ഐ (ഗ്രേഡ്) സജുലാൽ കെ. കെ., സിവിൽ പൊലീസ് ഓഫിസർ ബോബി, സിവിൽ പൊലീസ് ഓഫിസർ ജിഷാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ എരുമേലി പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തു.   വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910