31 October, 2026 08:28:18 PM


ആദിവാസി യുവാവിന് കസ്റ്റഡി മർദനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു



കോട്ടയം: പൂഞ്ഞാർ പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അഭിലാഷിനെ സന്ദർശിച്ച ശേഷം ഇക്കാര്യം നേരിട്ട് അറിയിച്ചു.

​കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനായ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്നാരോപിച്ച് യൂണിഫോം ധരിക്കാത്ത അഞ്ച് പോലീസുകാർ ഇന്നോവ കാറിലെത്തി വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും തുടർന്ന് ഏഴ് കിലോമീറ്ററോളം വരുന്ന യാത്രാമധ്യേ ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് മുന്നിൽ അവശനായി കുഴഞ്ഞുവീണ അഭിലാഷിനെ ആദ്യം സമീപത്തെ ആശുപത്രിയിലും, പിന്നീട് ഗുരുതരമായ പരിക്കുകളെത്തുടർന്ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, അഭിലാഷിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുമെന്നും യുവജന കമ്മീഷൻ അംഗം പറഞ്ഞു.
​ദേവസ്യാച്ചൻ വാണിയപുര, അലൻ അഗസ്റ്റിൻ, നിയാസ് എന്നിവരും അഡ്വ. അബേഷ് അലോഷ്യസിനൊപ്പം ഉണ്ടായിരുന്നു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921