18 November, 2026 01:20:47 PM
പല തീരുമാനങ്ങളും അറിയുന്നില്ല; മന്ത്രിസഭാ യോഗത്തിൽ വി.ഡി.സതീശനെതിരെ മന്ത്രിമാർ രംഗത്ത്

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഒരുസംഘം മന്ത്രിമാര്‍ രംഗത്ത്. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചതോടെ മന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. എപി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇതിന് പിന്നാലെ സണ്ണി ജോസഫും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അസാധാരണമായ രീതിയില്‍ ഭരണപക്ഷത്തെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് യോഗത്തില്‍ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചര്‍ച്ച ചെയ്തതെന്ന് എപി അനില്‍ കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.. അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായി കെ മുരളീധരന്‍ പറഞ്ഞു.





