19 June, 2020 08:25:08 PM


ആലപ്പുഴയില്‍ വയോധികക്ക് നേരെ തോക്ക് ചൂണ്ടി മോഷണശ്രമം; പ്രതി അറസ്റ്റിൽ



ആലപ്പുഴ: നഗരത്തിൽ വയോധികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ ഇരവുകാട് സ്വദേശി ഫിറോസ് കലാമാണ് അറസ്റ്റിലായത്. കോൺവെൻറ്റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടേയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് ഇയാൾ ഭീഷിണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുന്ന സി.സി.ടി.വി. ദൃശങ്ങൾ ലില്ലി കോശി പൊലീസിന് കൈമാറിയിരുന്നു.


വീട്ടിൽ 86കാരിയായ ലില്ലിയും ജോലിക്കാരിയും മാത്രമാണുള്ളത്. വീട്ടുജോലിക്കാരിയുടെ ബന്ധുവാണ് ഇയാൾ എന്ന് പൊലീസ് വ്യക്തമാക്കി. കൊറിയർ നൽകാൻ എന്ന വ്യാജേനയാണ് ഫിറോസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. പണവും സ്വർണ്ണവും ഇല്ലെന്ന് അവർത്തിച്ച് പറഞ്ഞതിനെ തുടർന്ന് അടുത്ത ദിവസം വരുമെന്ന് പറഞ്ഞ് ഇയാൾ തിരികെപോവുകയായിരുന്നു.


കളിത്തോക്കുമായാണ് ഇയാൾ വീട്ടിലെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫിറോസ് വന്ന ബൈക്ക് നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷണശ്രമത്തിന് ശേഷം ഫിറോസ് ഉപേക്ഷിച്ച തോക്ക് ആലപ്പുഴ റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. ശേഷം തെളിവെടുപ്പിനായി മോഷണശ്രമം നടന്ന വീട്ടിലും എത്തിച്ചു. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്താണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K