09 November, 2023 12:08:50 PM


ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു



അമ്പലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഒന്നര ലക്ഷത്തോളം രൂപ നഷ്‌ടമായതായി പരാതി. അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പരാതിയില്‍ ഐ.ടി. ആക്‌ട്‌ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണമാരംഭിച്ചു. 

കഴിഞ്ഞ 31-ന്‌ കാക്കാഴം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ വാട്ട്‌സ്‌ ആപ്പില്‍ ഒരു മെസേജ്‌ വരുകയും അതില്‍ ടെലിഗ്രാം ഓണ്‍ലൈന്‍ ട്രേഡ്‌ ഗ്രൂപ്പായ ബി ക്ലസ്‌റ്റര്‍ 2205 എന്ന ലിങ്കില്‍ ജോയിന്‍ ചെയ്യുകയും ചെയ്‌തു. ഇതില്‍ പറഞ്ഞതനുസരിച്ച്‌ ഗൂഗിളില്‍ ഓരോ കമ്പനികളെയും ഹോട്ടലുകളെയും കുറിച്ച്‌ ഗൂഗിള്‍ റിവ്യൂ ചെയ്‌തു അവരുടെ അത്തരം സ്‌ഥാപനങ്ങളുടെ റേറ്റിങ്‌ കൂട്ടുന്ന 22 ടാസ്‌ക്‌ പൂര്‍ത്തിയാക്കണമെന്ന്‌ പറഞ്ഞു. അതില്‍ ആദ്യത്തെ 4 ടാസ്‌ക്‌ ഫ്രീയായി കൊടുക്കുകയും അഞ്ചാമത്തെ ടാസ്‌ക്‌ ചെയ്യണമെങ്കില്‍ 1000 രൂപ പേയ്‌മെന്റ്‌ ചെയ്യണമെന്ന്‌ പറഞ്ഞതനുസരിച്ച്‌ 1000 രൂപ 31-ന്‌ ഇട്ട്‌ കൊടുക്കുകയും ചെയ്‌തു. ഇതിന്‍റെ കമ്മീഷനടക്കം 1300 രൂപ ക്രെഡിറ്റ്‌ ആവുകയും പിന്നീട്‌ 9-ാം ടാസ്‌ക്‌ വരെ ഫ്രീ ആയി റിവ്യൂ ചെയ്യുന്ന ടാസ്‌കുകള്‍ കിട്ടുകയും തുടര്‍ന്നുള്ള ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ 33000 രൂപ അക്കൗണ്ടിലിട്ട്‌ കൊടുക്കണമെന്ന്‌ പറയുകയും ചെയ്‌തു. തുടര്‍ന്ന്‌ പണം ഇട്ട്‌ കൊടുക്കുകയും ഇതിന്റെ കമ്മീഷന്‍ ഉള്‍പ്പടെ 43000 രൂപ ആയി എന്നുള്ള അറിയിപ്പ്‌ വിദ്യാര്‍ത്ഥിക്ക്‌ കിട്ടുകയും തുടര്‍ന്നുള്ള 2 ടാസ്‌ക്‌ പൂര്‍ത്തീകരിക്കണമെങ്കില്‍ 98000 രൂപ അയക്കണമെന്നും പറഞ്ഞു.

പിന്നീട്‌ പണം അയച്ച്‌ കൊടുക്കുകയും തുടര്‍ന്ന്‌ അടുത്ത ടാസ്‌കില്‍ പങ്കെടുത്ത്‌ 2,000,00 രൂപ ഇട്ട്‌ കൊടുത്താല്‍ 3,50,000 രൂപ ആയി തിരികെ കിട്ടുമെന്നും ഇല്ലെങ്കില്‍ ഇതുവരെ അടച്ച 1,31,000 രൂപ കിട്ടില്ല എന്ന്‌ പറഞ്ഞപ്പോഴാണ്‌ ചതി മനസിലാക്കി പോലീസില്‍ പരാതി നല്‍കിയത്‌. അമ്പലപ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ ഐ.ടി. ആക്‌ട്‌ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അമ്പലപ്പുഴ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ റായ്‌പുരിലും ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള അക്കൗണ്ടുകളിലേക്കാണ്‌ പണം ക്രെഡിറ്റായത്‌ എന്ന്‌ അന്വേഷണത്തില്‍ വെളിവായതായി അമ്പലപ്പുഴ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ദ്വിജേഷ്‌ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K