27 September, 2021 06:47:49 PM


രാജ്യത്ത്‌ എല്ലാവർക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി



ന്യൂഡൽഹി: ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാവർക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നതിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിയിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയും  ഡിജിറ്റലാവുകയാണ്.  വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തി എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.

സമഗ്രമായ ആരോഗ്യ മാതൃകയിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓരോ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രാമങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്ര ശൃംഖലകളും വെൽനസ് സെന്‍ററുകളും ശക്തിപ്പെടുത്തും. അത്തരം 80000 ൽ അധികം കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K