04 October, 2021 09:13:04 PM


ലോകസഞ്ചാര ഭൂപടത്തിൽ ഉൾപ്പെട്ട കാക്കത്തുരുത്തിലേക്കുള്ള പാലം നിർമ്മാണം പൂർത്തിയാക്കണം



ആലപ്പുഴ : നാഷണൽ ജിയോഗ്രാഫിക്കിന്റെ  24 മണിക്കൂർ ലോക സഞ്ചാര ഭൂപടത്തിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക ഇടമായ കാക്കത്തുരുത്ത് നിവാസികളുടെ ചിരകാല ആവശ്യമായ പാലത്തിൻ്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു.


2009 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് ചില തർക്കങ്ങളിൽപെട്ട് പ്രവൃത്തികൾ 2011 ൽ നിലച്ചു. അതിന് ശേഷം 2016 - 17 വർഷത്തെ ബജറ്റിൽ കിഫ്ബിയുടെ സഹായം പാലത്തിന് സർക്കാർ പ്രഖ്യാപിക്കുകയും, അതിനെ തുടർന്ന് പാലത്തിന് പൊതുമരാമത്ത് വകുപ്പ് രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. 38 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള പാലത്തിനായി തൂണുകൾ കായലിൽ നാട്ടുകയല്ലാതെ മറ്റൊരു പ്രവൃത്തിയും നടന്നിട്ടില്ല.


വേമ്പനാട്ടുകായലിൽ കേവലം മുന്നൂറ് മീറ്റർ ദൂരത്തിൽ പാലം നിർമ്മിച്ചാൽ എരമല്ലൂരിൽ നിന്ന് കാക്കാത്തുരുത്തിലേക്കുള്ള സഞ്ചാരം സുഗമമാകും. ആഗോള ടൂറിസം ഭൂപടത്തിൽ തന്നെ സ്ഥാനം നേടിയിട്ടുള്ള ദ്വീപിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നും ,പാലത്തിൻ്റെ നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ഡോ.ദിനേശ് കർത്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K