13 October, 2021 10:42:47 AM


ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് ഉടൻ തുറക്കില്ല - കെഎസ്ഇബി



ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് ഉടൻ തുറക്കില്ല. തത്ക്കാലം അണക്കെട്ട് തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാൻ കേന്ദ്ര ജല കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലെർട്ട് പ്രഖ്യാപിക്കും. 2389.78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.


2397.86 അടിയിലെത്തിയാൽ റെഡ് അലെർട്ട് പുറപ്പെടുവിച്ച ശേഷം ജില്ല കലക്‌ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍റെ കണക്കു കൂട്ടൽ. നിലവിലെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും. 
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K