23 October, 2023 10:43:07 AM
സിപിഎം അടപ്പിച്ച കുമളിയിലെ ബിവറേജസ് ഔട്ട്ലറ്റ് എട്ടു ദിവസം കഴിഞ്ഞിട്ടും തുറക്കാനായില്ല
കുമളി: കുമളിയിലെ ബെവ്കോ ഔട്ട് ലെറ്റ് സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടപ്പിച്ച് 8 ദിവസം പിന്നിട്ടിട്ടും തുറക്കാൻ നടപടിയായില്ല. സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നല്‍കാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്. 2 സിപിഎം നേതാക്കള്‍ തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ഔട്ട് ലെറ്റ് അടപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിക്കൊണ്ടിരിക്കുന്നത്.
കുമളിക്ക് സമീപം അട്ടപ്പള്ളത്ത് സിപിഐഎം കുമളി ലോക്കല്‍ സെക്രട്ടറിയുടെ കെട്ടിടത്തിലാണ് ബെവ്കോ ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പതിനാലാം തീയതി രാവിലെ ചെളിമടയിലുള്ള പുതിയ സ്ഥലത്തേക്ക് ഔട്ട്ലെറ്റ് മാറ്റി. പുതിയ ലോഡ് മദ്യം എത്തിച്ചാണ് പ്രവര്‍ത്തനം തുടങ്ങി. ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയുടെ കച്ചവടവും നടന്നു. ഈ സമയം ഔട്ട്ലെറ്റിലെത്തിയ സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബലമായി അടപ്പിച്ചു.
സിപിഐഎം നേതാവുമായി ബെവ്കോ ഉണ്ടാക്കിയ കരാറിന് രണ്ടര വര്‍ഷം കൂടെ കാലവധിയുണ്ടെന്നും കട മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടമക്ക് നോട്ടീസ് നല്‍കിയില്ലെന്നും കാണിച്ചായിരുന്നു നടപടി.കുമളിക്കാര്‍ വണ്ടിപ്പെരിയാറിലോ കൊച്ചറയിലെ എത്തി മദ്യം വാങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. പൂജ ആവധി പ്രമാണിച്ച് നിരവധി സഞ്ചാരികളാണ് തേക്കടിയിലേക്ക് എത്തുന്നത്.