25 October, 2023 12:08:54 PM
വാഗമണിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
വാഗമൺ : വാഗമണ്ണിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിൻ ആണ് മരിച്ചത്. ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയാണ് നിബിൻ . സുഹൃത്തുക്കളായ എട്ടുപേർ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് വാഗമണ്ണിലെത്തിയത്. വാഗമൺ മൊട്ടക്കുന്നിന് 5 കിലോമീറ്റർ അകലെ കൊച്ചു കരിന്തിരിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയതായിരുന്നു സംഘം .
വെള്ളച്ചാട്ടത്തിൽ ഇറങ്ങി 10 മിനിറ്റ് ഉള്ളിൽ നിബിൻ അപകടത്തിൽപ്പെട്ടു. പോലീസും ഫയർഫോഴ്സും അടക്കം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.