28 September, 2023 05:28:25 PM
ശവസംസ്കാര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധി പേർക്ക് കുത്തേറ്റു
തൊടുപുഴ: പള്ളിയിൽ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലെ സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കലവനാൽ കെ എം ജോസഫ് (88) എന്നയാളുടെ സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും അഭയം പ്രാപിച്ചു.
കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.