13 November, 2023 12:00:30 PM
നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം: സഹകരണ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു. വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടച്ചശേഷം തൂങ്ങുകയായിരുന്നു. വീട്ടിലെത്തിയ ആളെ കാണാഞ്ഞതിനെ തുടർന്ന് ഭാര്യ നടത്തിയ തരത്തിലയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.